കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടി; വ്യാപകനാശം പത്തനംതിട്ട: സംസ്ഥാനത്ത് ശക്തമായ മഴയെത്തുടര്‍ന്ന് തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വ്യാപക നാശം. കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടലുണ്ടായി. പലയിടത്തും പാലങ്ങളിലും റോഡുകളിലും വെള്ളം കയറി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളില്‍് കേന്ദ്ര കാലാവസഅഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഴ ശക്തമായി തുടരുകയാണ്. മുണ്ടക്കയം കോസ്വേ കരകവിഞ്ഞു. മുണ്ടക്കയത്ത് കാര്യമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. ജാഗ്രത നിര്‍ദേശത്തിന് തൊട്ടടുത്തെത്തിയിട്ടുണ്ട് മണിമലയാറിലെ ജലനിരപ്പ്. കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി. കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു. പൂഞ്ഞാര്‍ തെക്കേക്കരയില്‍ റെക്കോര്‍ഡ് മഴയാണ് ഒറ്റ മണിക്കൂറിനുള്ളില്‍ പെയ്തത്. ഇവിടെ പല റോഡുകളും വെള്ളത്തിലായി. പെരിങ്ങുളം - അടിവാരം മേഖലയില്‍ വെള്ളം കയറി. പത്തനംതിട്ട ജില്ലയിലും കനത്ത മഴ തുടരുകയാണ്. കുമ്പഴയില്‍ ഉരുള്‍പൊട്ടലുണ്ടായി. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായ ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു. റാന്നി- മണിമല റൂട്ടില്‍ ചെത്തോങ്കരയില്‍ സംസ്ഥാനപാതയില്‍ വെള്ളക്കെട്ടുണ്ടായി. ഇട്ടിയപാറ ബസ് സ്റ്റാന്‍ഡിലെ താഴത്തെ നിലയിലുള്ള കടകളില്‍ വെള്ളം കയറി. പുനലൂര്‍ - മുവാറ്റുപുഴ റോഡില്‍ കോന്നി ഇളകൊള്ളൂര്‍ ഭാഗത്ത് 11 കെവി പോസ്റ്റ് ഉള്‍പ്പടെ മറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. 3 മണിക്കൂറില്‍ ജില്ലയില്‍ 70 മില്ലി മീറ്റര്‍ മഴ ലഭിച്ചു. അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. നിരണത്തും പന്തളത്തും ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.തൃശൂര്‍ ചാലക്കുടിയില്‍ ലഘു മേഘവിസ്ഫോടനമുണ്ടായി. രാത്രി മുതല്‍ തുടങ്ങിയ മഴയില്‍ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. ആളിയാര്‍ ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നതായി ചിറ്റൂര്‍ ഇറിഗേഷന്‍ സബ്ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 1049.65 അടിയാണ്. പരമാവധി ജലനിരപ്പ് 1050 അടിയാണ്. ഇടുക്കി പുല്ലുപ്പാറയില്‍ മണ്ണിടിച്ചിലുണ്ടായി. ശാന്തിഗ്രാം റോഡില്‍ മണ്ണിടിഞ്ഞു. പാണ്ടിപ്പാറക്ക് സമീപം ഗതാഗതം തടസപ്പെട്ടു. ദേവികുളം ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു. തോട്ടം മേഖലകളിലെ ജോലി താത്കാലികമായി നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദേശ നല്കി. ഇടുക്കി ഡാമില്‍ 2391. 36 ആണ് ജലനിരപ്പ്. ഡാമില്‍ ബ്ലു അലര്‍ട്ട് നിലനില്ക്കുന്നു. .
.
“”
John Xavier
My hearty congrats to this venture. A group of world class journalists working in this media.It becomes one of the top.